
ദോഹ:ശാരീരിക-മാനസിക വെല്ലുവിളികൾ (Hidden Disabilities) നേരിടുന്ന യാത്രക്കാർക്ക് പ്രത്യേക പിന്തുണയും പരിഗണനയും ഉറപ്പാക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 'സൺഫ്ലവർ' (Sunflower) പദ്ധതി ആവിഷ്കരിച്ചു. ലോകപ്രശസ്തമായ ഈ പദ്ധതിയിലൂടെ, അദൃശ്യമായ വൈകല്യമുള്ളവർക്ക് വിമാനത്താവളത്തിൽ തങ്ങൾക്ക് അധിക സഹായമോ കൂടുതൽ സമയമോ ആവശ്യമാണെന്ന് ലളിതമായി സൂചിപ്പിക്കാൻ സാധിക്കും.
യാത്രക്കാർക്ക് സ്വമേധയാ ഈ പദ്ധതിയുടെ ഭാഗമാകാം. സൂര്യകാന്തി ചിഹ്നമുള്ള (Sunflower symbol) ലാനിയാർഡോ ബാഡ്ജോ ധരിക്കുന്നതിലൂടെ, തനിക്ക് ആശയവിനിമയത്തിലോ യാത്രയുടെ മറ്റ് ഘട്ടങ്ങളിലോ പ്രത്യേക പിന്തുണ ആവശ്യമാണെന്ന് വിമാനത്താവള ഉദ്യോഗസ്ഥരെയും സഹയാത്രികരെയും അറിയിക്കാൻ കഴിയും.
എല്ലാ വിഭാഗം യാത്രക്കാർക്കും തടസ്സങ്ങളില്ലാത്ത യാത്രാനുഭവം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്.ഐ.എ കൊമേഴ്സ്യൽ & സ്ട്രാറ്റജി വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഫ്രാൻസ്വാ ബൗറിയൻ പറഞ്ഞു. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഖത്തർ എയർവേയ്സ് ഉൾപ്പെടെയുള്ള പങ്കാളികൾക്കും ഈ ചിഹ്നം തിരിച്ചറിയാനും യാത്രക്കാരോട് അനുഭാവപൂർവ്വം പെരുമാറാനുമുള്ള പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.











